ഷാ നാമ
പേർഷ്യൻ കവിയായ അബുൾ കാസിം ഫിർദോസി ക്രി.വ. 1000 നടുത്ത് രചിച്ച പദ്യകൃതിയാണ് ഷാ നാമ ( പേർഷ്യൻ: شاهنامه ). ഇറാന്റെ ദേശീയ ഇതിഹാസമാണിത്. ലോകത്തിന്റെ ആരംഭം മുതൽ ഏഴാം നൂറ്റാണ്ടിൽ നടന്ന ഇസ്‌ലാമികവിജയം വരെയുള്ള പേർഷ്യയുടെ പുരാണവും ചരിത്രവുമാണ് ഈ കൃതിയിൽ പരാമർശിക്കപ്പെടുന്നത്. രാജാക്കന്മാരുടെ ഗ്രന്ഥം എന്നാണ് ഷാ നാമെ എന്ന വാക്കിനർത്ഥം. ഇസ്ലാമികകാലഘട്ടത്തിനുമുൻപുള്ള ഇറാനിലെ ഐതിഹ്യങ്ങളും കഥകളും അടങ്ങിയിരിക്കുന്ന ഈ കൃതി, ഫാഴ്സി ഭാഷയിലാണ് രചിച്ചിരിക്കുന്നത്. 60,000-ത്തോളം വരികൾ ഈ കാവ്യത്തിലുണ്ട്[1].
പ്രത്യേകതകൾ
[തിരുത്തുക]അറബി ഭാഷയുടെ കലർപ്പില്ലാതെ ഏതാണ്ട് പൂർണ്ണമായി പേർഷ്യനിൽത്തന്നെ രചിക്കപ്പെട്ട ഈ കൃതി അറബിയുടെ ശക്തമായ സ്വാധീനത്തിൽ നിന്ന് പേർഷ്യൻ ഭാഷയെ പുറത്തുകൊണ്ടുവരുന്നതിൽ പ്രധാന പങ്കു വഹിച്ചു. ഉദ്ഭവം മുതൽ അറബ് മുന്നേറ്റത്തിന് കീഴടങ്ങുന്നതുവരെയുള്ള സൊറോസ്ട്രിയൻ മതത്തിന്റെ ചരിത്രം വിശദീകരിക്കുന്നു എന്നതിനാൽ സൊറോസ്ട്രിയൻ മതാനുയായികളും ഈ ഗ്രന്ഥത്തെ പ്രധാനമായി കരുതുന്നു. ഷാ നാമെയിലെ കഥകൾ ഇന്നും ഇറാനിൽ വ്യാപകമായി പ്രചാരത്തിലുണ്ട്[1].
ഈ കൃതിയുടെ സചിത്രപ്രതികൾ പേർഷ്യയുടെ മിനിയേച്ചർ ചിത്രകലയ്ക്ക് ഉദാഹരണങ്ങളാണ്. ഇത്തരം അനേകം പ്രതികൾ ഇന്നും നിലനിൽക്കുന്നുണ്ട്. എന്നിരുന്നാലും, ഏറ്റവും പ്രശസ്തമായ രണ്ടെണ്ണമായ ഹഫ്ട്ടൺ ഷാ നാമ, മഹത്തായ മംഗോൾ ഷാ നാമ എന്നിവ ഇരുപതാം നൂറ്റാണ്ടിൽ പേജുകളായി ഭാഗിക്കപ്പെടുകയും പ്രത്യേകവായി വിൽക്കപ്പെടുകയുമുണ്ടായി. അഗാ ഖാൻ മ്യൂസിയത്തിലുണ്ടായിരുന്ന ഹഫ്ട്ടൺ ഷാ നാമയുടെ ഒരു പേജ് 904,000 ഡോളറിന് 2006-ൽ വിറ്റു[2]. ഇറാനിലെ ഗുലിസ്താൻ കൊട്ടാരത്തിലുള്ള ബയാസങ്ഹൊരി ഷാ നാമയുടെ സചിത്രപ്രതി യുനെസ്കോ സാംസ്കാരികപൈതൃകവസ്തുക്കളുടെ മെമ്മറി ഓഫ് ദി വേൾഡ് രജിസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്[3][4].
ഫിർദോസി
[തിരുത്തുക]രചയിതാവായ അബുൾ കാസിം ഫിർദോസി, ഇറാനിലെ മശ്‌ഹദിനടുത്തുള്ള തുസ് എന്ന സ്ഥലത്താണ് ഇദ്ദേഹം ജനിച്ചത്. ഇവിടെത്തന്നെയാണ് ഇദ്ദേഹത്തെ ഖബറടക്കിയിരിക്കുന്നതും. ഇദ്ദേഹം ഗസ്നിയിലെ മഹ്മൂദിന്റെ സഭയിലെ അംഗമായിരുന്നു. അതുകൊണ്ടുതന്നെ 1010-ൽ പൂർത്തിയാക്കിയ ഈ ഗ്രന്ഥം ഗസ്നവി സുൽത്താൻ മഹ്മൂദിനാണ് സമർപ്പിച്ചിരിക്കുന്നത്[1].
ഉള്ളടക്കം
[തിരുത്തുക]ഇറാനിയരും ഇറാന്റെ വടക്കുകിഴക്കൻ അതിർത്തിപ്രദേശമായ തുറാനിൽ വസിക്കുന്ന തുറാനികൾ എന്നു വിളിക്കപ്പെടുന്ന തുർക്കിക് വംശജരും തമ്മിലുള്ള പോരാട്ടമാണ് ഷാ നാമയിലെ പ്രധാന കഥാതന്തു[ക]. ഇറാനിയനായ റുസ്തം ആണ് ഷാനാമയിലെ കഥകളിലെ നായകൻ. തുറാനിയൻ രാജാവായ അഫ്രാസ്യാബ് ആണ് ഇതിൽ റുസ്തമിന്റെ എതിരാളിയായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്[1].
ശകരേയും അവരുടെ ആവാസകേന്ദ്രമായ സിസ്താനേയും വളരെ പ്രാധാന്യത്തോടെ ഈ ഗ്രന്ഥത്തിൽ അവതരിപ്പിക്കുന്നു. സാൽ (zal)-ന്റെ പുത്രനും സാമിന്റെ പേരക്കുട്ടിയുമാണ് നായകനായ റുസ്തം ഇവർ സിസ്താന്റെ രാജാക്കന്മാരാണ്. അതുകൊണ്ടുതന്നെ റുസ്തം ശകവംശത്തിൽപ്പെട്ടവനാണെന്നും പറയുന്നുണ്ട്. സിമുർഘ് എന്ന ഒരു പക്ഷിയാണ് റുസ്തമിന്റെ പിതാവായ സാലിനെ വളർത്തിയത്. സാലിന്റെ ഭാര്യയും റുസ്തമിന്റെ മാതാവുമായിരുന്ന റുദാബ, കാബൂളിലെ രാജകുമാരിയായിരുന്നു. തുറാനിയരുടെ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സമൻഗാനിലെ രാജകുമാരിയെയായിരുന്ന താഹ്മിനെയായിരുന്നു റുസ്തം വിവാഹം ചെയ്തിരുന്നത്.
ഹിന്ദുകുഷിന് വടക്ക് സമൻഗാൻ എന്ന ഒരു പ്രദേശം ഇന്നുണ്ട്. ഫിർദോസി ഉദ്ദേശിച്ചിരിക്കുന്ന സമൻഗാൻ ഇതാണെങ്കിൽ, ഷാ നാമയിലെ പോരാട്ടം, സിസ്താനിലെ റുസ്തമിന്റെ കുടുംബവും, ഇന്നത്തെ വടക്കൻ അഫ്ഗാനിസ്താനിലും അതിനു വടക്കായുമുള്ള തുർക്കിക് വംശജരും തമ്മിലാണ്.
വായ്മൊഴിയായി പ്രചരിച്ചിരുന്നതും എഴുതപ്പെട്ടിട്ടുള്ളതുമായ കഥകൾ തന്റെ ഗ്രന്ഥത്തിൽ ഉപയോഗിച്ചിട്ടുണ്ടെന്ന് കാവ്യത്തിന്റെ ആമുഖത്തിൽ ത്തന്നെ ഫിർദോസി വ്യക്തമാക്കിയിട്ടുണ്ട്[1].
മറ്റു ഗ്രന്ഥങ്ങൾ
[തിരുത്തുക]പത്താം നൂറ്റാണ്ടിൽ ഷാ നാമെ എന്ന പേരിൽ തന്നെ നിരവധി ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്. ഇറാനിയൻ സംസ്കാരത്തിന്റേയും സ്വാഭിമാനത്തിന്റേയും പ്രതിഫലനമാണ് ഈ ഗ്രന്ഥങ്ങൾ. ഷാ നാമകളെല്ലാം തന്നെ പുരാതന ഇറാനിയൻ രാജാക്കന്മാരുടെ കഥകൾ പറയുന്നു. മാത്രമല്ല ഇവയെല്ലാം മദ്ധ്യകാല പേർഷ്യൻ (പെഹൽവി) ഗ്രന്ഥമായ ഖ്വതായ നാമക് (ഭരണാധികാരികളുടെ ഗ്രന്ഥം) എന്ന ഗ്രന്ഥത്തിൽ നിന്നും ആശയം ഉൾക്കൊണ്ടെഴുതപ്പെട്ടിട്ടുള്ളതാണ്[1].
കുറിപ്പുകൾ
[തിരുത്തുക]ക^ ഗസ്നവി സാമ്രാജ്യത്തിന്റെ അധിപനായിരുന്ന ഗസ്നിയിലെ മഹ്മൂദ്, അദ്ദേഹം തുർക്കിക്ക് പാരമ്പര്യമുള്ളവനായിരുന്നെങ്കിൽ കൂടി, ഷാ നാമയുടെ ഒരു പ്രധാന പ്രോത്സാഹകനായിരുന്നു[1].
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 1.5 1.6 Vogelsang, Willem (2002). "12 - The Iranian Dynasties". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 189, 199–200. ISBN 978-1-4051-8243-0.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ "Fine Books Magazine, Item 7". Archived from the original on 2020-08-03. Retrieved 2009-10-14.
- ↑ Six pages from the Bayasanghori Shâhnâmeh, Unesco website
- ↑ News story