ഒരു അമേരിക്കൻ നടിയാണ് കൈറ്റ്ലിൻ ഡെവർ (ജനനം: ഡിസംബർ 21, 1996)[1][2]. ആൻ അമേരിക്കൻ ഗേൾ: ക്രിസ സ്റ്റാൻഡ്സ് സ്ട്രോംഗ് എന്ന അമേരിക്കൻഗേൾ സിനിമാ പരമ്പരയിലെ ഗ്വെൻ തോംപ്സൺ, ജസ്റ്റിഫൈഡ് എന്ന ടെലിവിഷൻ പരമ്പരയിലെ ലോററ്റ മക് ക്രീഡി, 2011 മുതൽ 2017 വരെ ഫോക്സ് ടെലിവിഷൻ പ്രക്ഷേപണം ചെയ്തതും പിന്നീട് ഫോക്സ് (2018) ഏറ്റെടുത്തതുമായ ലാസ്റ്റ് മാൻ സ്റ്റാൻഡിംഗ് എന്ന ടെലിവിഷൻ പരമ്പരയിലെ ഇവ ബാക്സ്റ്റർ, ഷോർട്ട് ടേം 12 എന്ന ചിത്രത്തിലെ ജെയ്ഡൻ കോൾ എന്നീ കഥാപാത്രങ്ങളിലൂടെയാണ് അവർ പ്രേക്ഷക ശ്രദ്ധ നേടിയത്.
അരിസോണയിലെഫീനിക്സിൽ കാത്തി, ടിം ഡെവർ എന്നിവരുടെ മകളായി ജനിച്ചു.[3][4] അഞ്ചുവയസ്സുള്ളപ്പോൾ കലാവിഷയങ്ങളിൽ അതിയായ താൽപര്യ പ്രകടിപ്പിക്കുകയും മാതാപിതാക്കൾ ഒരു അഭിനയ പരിശീലന വിദ്യാലയത്തിലേക്ക് അയക്കുകയും ചെയ്തു. അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുവരെ ജിംനാസ്റ്റിക്സ്, ബാലെ, സ്കേറ്റിംഗ് എന്നിവയിലും അവർ പങ്കെടുത്തിരുന്നു. കുടുംബം പിന്നീട് ടെക്സസിലെഡാളസിലിലേക്കു താമസം മാറുകയും അവിടെ ഡാലസ് യങ്ങ് ആക്ടേഴ്സ് സ്റ്റുഡിയോയിൽ ഒരു മാസം നീണ്ട അഭിനയ സംബന്ധിയായ പരിപാടികളിൽ ചേർന്നു. ലോസ് ആഞ്ചലസിലേയ്ക്കു തട്ടകം മാറ്റുന്നതിനു മുമ്പ്, സ്റ്റുഡിയോയിൽ തന്റെ അഭിനയ നൈപുണ്യം സ്ഫുടം ചെയ്തെടുക്കുന്ന കാലത്തുതന്നെ അവർ അനേകം വാണിജ്യ പരസ്യങ്ങളിലേയ്ക്കും കരാർ ചെയ്യപ്പെട്ടിരുന്നു.[5]