ചെറുവത്തൂരില കൺസ്യൂമർഫെഡ് മദ്യവില്പനശാലയിൽ കണക്കെടുപ്പിനെത്തിയ ജീവനക്കാർ സ്ഥാപനം തുറക്കുന്നത് ചുമട്ടുതൊഴിലാളികളുടെ നേതൃത്വത്തിൽ തടയുന്നു
ചെറുവത്തൂർ : കൺസ്യൂമർഫെഡ് തുറന്ന മദ്യവില്പനശാല തൊട്ടടുത്ത ദിവസം പൂട്ടാൻ നിർദേശിച്ചതാരെന്ന് പറഞ്ഞശേഷം മതി കണക്കെടുപ്പും തുടർനടപടിയെന്നുമുറച്ച് ചുമട്ടുതൊഴിലാളികളും നാട്ടുകാരും രംഗത്ത്. ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ റോഡിൽ അടച്ച സ്ഥാപനം തുറന്ന് മദ്യത്തിന്റെ കണക്കെടുക്കാനെത്തിയ സംഘത്തിന് മുന്നിലാണ് പ്രതിഷേധക്കാർ നയം വ്യക്തമാക്കിയത്. മദ്യവില്പനശാല തുറക്കണോ പൂട്ടണോയെന്ന് തീരുമാനിക്കാൻ ഈ ഒറ്റചോദ്യത്തിന് ഉത്തരം കിട്ടണമെന്നും ഇല്ലെങ്കിൽ മദ്യത്തിന്റെ കണക്കെടുക്കാനോ സമീപ ഔട്ട്‌ലറ്റിലേക്ക് മാറ്റോനോ അനുവദിക്കില്ലെന്നും അവർ അറിയിച്ചു. സ്ഥാപനത്തിലെ മദ്യത്തിന്റെ കണക്കെടുത്തശേഷം സമീപ ഔട്ട്‌ലറ്റിലേക്ക് മാറ്റണമെന്ന കൺസ്യൂമർഫെഡ് റീജണൽ മാനേജർ ആർ. പ്രദീപ് കുമാറിന്റെ നിർദേശത്തെ തുടർന്നാണ് തിങ്കളാഴ്ച രാവിലെ 10.30-ന് സംഘം ചെറുവത്തൂരിലെത്തിയത്. അസി. മാനേജർ (കാസർകോട്) പി.വി. ശൈലേഷ് ബാബു, അസി. മനേജർ (കണ്ണൂർ) എ. സുധീർ ബാബു, മാർക്കറ്റിങ് മാനേജർ കെ.വി. വേണുഗോപാലൻ, ഓപ്പറേഷൻസ് മാനേജർ എ.കെ. മനോജ്, ഗോഡൗൺ മാനേജർ ഇ. ശ്രീജിത്ത്, എക്‌സൈസ് ഇൻസ്‌പെക്ടർ എം. ദിലീപ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് കണക്കെടുപ്പിനെത്തിയത്.
ചുമട്ടുതൊഴിലാളി യൂണിയൻ ജില്ലാകമ്മിറ്റി അംഗങ്ങളായ പി. സുരേഷ്, വെള്ളാട്ട് ബാലകൃഷ്ണൻ, സി. കൃഷ്ണൻ, ഏരിയാ കമ്മിറ്റി അംഗം സി. സുബിൻ, ചെറുവത്തൂർ യൂണിറ്റ് വൈസ് പ്രസിഡന്റ് കെ. ചന്ദ്രൻ, സെക്രട്ടറി എം. പങ്കജാക്ഷൻ എന്നിവരുടെ നേതൃത്വത്തിൽ തൊഴിലാളികളും ഒാട്ടോതൊഴിലാളികളും നാട്ടുകാരുമുൾപ്പെടെയെത്തിയാണ് സംഘത്തെ തടഞ്ഞത്. സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി പി. കമലാക്ഷൻ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
കണക്കെടുക്കാനെത്തിയവർ നിസ്സഹായവസ്ഥ വിവരിച്ചു. നിലവിലെ സ്ഥിതിഗതികൾ മേലധികാരികളെ അറിയിച്ച് ഉദ്യമത്തിൽനിന്ന് തത്കാലം പിൻമാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തൊഴിലാളികളും നാട്ടുകാരും പിന്നാക്കം പോവില്ലെന്ന് തിരിച്ചറിഞ്ഞ ഉദ്യോഗസ്ഥസംഘം മദ്യത്തിന്റെ കണക്കെടുക്കാനുള്ള നീക്കം ഉപേക്ഷിച്ച് 12.30-ഓടെ തിരിച്ചുപോയി.
നവംബർ 23-നാണ് ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ റോഡിൽ മദ്യവില്പനശാല തുറന്നത്. ആദ്യദിനം തന്നെ 9,42,380 രൂപ വിറ്റുവരവുണ്ടായി. പ്രാദേശികമായി പ്രതിഷേധമോ സ്ഥാപനം തുറന്നതിനെതിരേ ആക്ഷേപമോ അന്നേദിവസം ഉണ്ടായിരുന്നില്ലെങ്കിലും അടുത്ത ദിവസം സ്ഥാപനം തുറന്നില്ല. സ്വകാര്യ ബാർ ഉടമയുമായി ബന്ധമുള്ള സി.പി.എം. നേതാവ് ഇടപെട്ടാണ് സ്ഥാപനം പൂട്ടിയതെന്നാണ് ആരോപണം.
ഇനി തുറക്കുമോയെന്ന് പറയാനാകില്ല- കൺസ്യൂമർഫെഡ് ചെയർമാൻ
: സ്ഥാപനം ഇനി തുറക്കുമോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും എന്തുവേണമെന്ന് ബന്ധപ്പെട്ടവരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും കൺസ്യൂമർഫെഡ് ചെയർമാൻ എം. മെഹബൂബ് പറഞ്ഞു.
പൂട്ടാൻ നിർദേശിച്ചതാരെന്നറിയില്ല -സി.പി.എം. ജില്ലാ സെക്രട്ടറി
: സർക്കാർ സംവിധാനമായ കൺസ്യൂമർ ഫെഡ് മദ്യവില്പന കേന്ദ്രം ചെറുവത്തൂരിൽ തുടങ്ങുന്നതിന് പാർട്ടി എതിരല്ലെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ പറഞ്ഞു. ആര് നിർദേശിച്ചിട്ടാണ് സ്ഥാപനം പൂട്ടിയതെന്ന് അറിയില്ല. പാർട്ടി ഏരിയാ കമ്മിറ്റി ഇടപെട്ട് സ്ഥാപനം തുറക്കുന്നതിന് സാഹചര്യമൊരുക്കുമെന്നും അദ്ദേഹം പഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..